Join News @ Iritty Whats App Group

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് നിന്ന് കാണാതായ 13ഉം 17ഉം 14ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രാത്രി 11.30ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടികള്‍ മൂന്നുപേരും പരസ്പരം അറിയുന്നവരാണ്. ഒന്നിച്ചാണ് ഇവര്‍ വീട്ടിൽ നിന്ന് പോയത്. 

കാണാതാകുന്നതിന് കുറച്ച് സമയം മുമ്പ് മൂന്നു കുട്ടികളും ഒരു വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. മറ്റു മുതിര്‍ന്നവര്‍ ഇല്ലാത്ത സമയത്താണ് മൂന്നുപേരെയും കാണാതായത്. പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, ഇത് കൊല്ലം റെയില്‍വെ സ്റ്റേഷനിൽ വെച്ച് സ്വിച്ച് ഓഫ് ആകുകയായിരുന്നു. കുട്ടികള്‍ ട്രെയിൻ മാര്‍ഗം പോയെന്ന സംശയത്തിൽ റെയില്‍വെ സ്റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കുട്ടികളുടെ കൈവശം ബാഗ് ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് സ്വര്‍ണമെടുത്തിരുന്നുവെന്നുമാണ് പെണ്‍കുട്ടികളിലൊരാളുടെ ബന്ധു പറഞ്ഞതെങ്കിലും ഇക്കാര്യത്തിലടക്കം സ്ഥിരീകരണമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്കായി അന്വേഷണം മറ്റു ജില്ലകളിലേക്ക് അടക്കം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group