Join News @ Iritty Whats App Group

വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തൽ; ഇടതുമുന്നണിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി

തൃശൂർ: വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇടതുമുന്നണിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി. കേരള കോൺഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരിൽ പറഞ്ഞു. ക്രിസ്ത്യൻ സഭകളുടെ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനത്തോടും ജോസ് കെ മാണി പ്രതികരിച്ചു. 



സഭകളുടെ സ്വത്തുക്കൾ പൊതു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. പള്ളിയോട് ചേർന്നു പള്ളിക്കൂടങ്ങൾ ആണുള്ളത്. അദ്വാനിയും പിയൂഷ് ഗോയലും അടക്കം അത്തരം സ്ഥാപനങ്ങളെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവ സമുദായം ആർജ്ജിച്ച സ്വത്തുക്കൾ ആരെങ്കിലും കണ്ണു വെക്കും എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ചാണ് രാജ്യസഭയിൽ ജോസ് കെ മാണി വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിനെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്‌.



വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു. എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാനാണ് നിലവിൽ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതിൽ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group