Join News @ Iritty Whats App Group

പഹൽഗാം ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്‌ത; 'ആവർത്തിക്കാതിരിക്കാൻ നിതാന്ത ജാഗ്രത പാലിക്കണം'


മലപ്പുറം: പഹൽഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്‌ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇരവരും പ്രതികരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവി സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ. ആഗോള ഭീകരനും ലഷ്ക്കര്‍ സഹ സ്ഥാപകനുമായ ഹഫീസ് സെയ്ദിന്‍റെ വലംകൈയാണ് ഇയാൾ. കസൂരി ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group