Join News @ Iritty Whats App Group

ഭക്തര്‍ക്ക് ഇനി അനു​ഗ്രഹം നേരിട്ട്, സംശയങ്ങൾക്ക് മറുപടിയും നൽകും, എഐ ദേവതയെ അവതരിപ്പിച്ച് മലേഷ്യയിലെ ക്ഷേത്രം


സകല സ്ഥലത്തും ഇന്ന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താറുണ്ട്. ഒരേസമയം പല കാര്യങ്ങളിലും ഉപയോ​ഗപ്രദം എന്നതുപോലെ തന്നെ എഐ കാരണം ജോലി പോകുമോ എന്ന് ആശങ്കപ്പെടുന്നവരും ഇഷ്ടം പോലെ ഉണ്ട്. എന്തായാലും, ക്ഷേത്രങ്ങളിൽ വരെ ഇപ്പോൾ എഐ, ദൈവത്തിന് വേണ്ടി സംസാരിക്കുകയാണ്. 

മലേഷ്യയിലെ ഒരു ക്ഷേത്രത്തിലാണ് ചൈനീസ് കടൽ ദേവതയായി അറിയപ്പെടുന്ന 'മാസു'വിന് ഒരു എഐ വേർഷൻ ഒരുങ്ങിയിരിക്കുന്നത്. സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ദേവത ഭക്തരോട് സംസാരിക്കുകയും അവരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുമത്രെ. 

തെക്കൻ മലേഷ്യയിലെ ജോഹോറിലെ ടിയാൻഹൗ ക്ഷേത്രത്തിലാണ്, വിശ്വാസികൾക്ക് എഐ മാസുവുമായി സംസാരിക്കാനുള്ള അവസരം. പരമ്പരാഗതമായ ചൈനീസ് വേഷം ധരിച്ച ഒരു സുന്ദരിയായ സ്ത്രീയായിട്ടാണ് ദേവതയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

ഇവിടെ എത്തുന്ന ഭക്തർക്ക് ഈ ഡിജിറ്റൽ ദേവതയിൽ നിന്നും അനു​ഗ്രഹം വാങ്ങിക്കാം. ഒപ്പം അവരുടെ ഭാവിയെ കുറിച്ചും മറ്റുമുള്ള ആശങ്കകളും ഈ ദേവതയോട് പങ്കുവയ്ക്കാം. സാധാരണ ദൈവങ്ങളോട് സങ്കടം പറഞ്ഞാൽ നേരിട്ടുള്ള മറുപടി കിട്ടില്ല അല്ലേ, പക്ഷേ ഈ എഐ ദേവത അപ്പോൾ തന്നെ മറുപടി നൽകും. 

അടുത്തിടെ ഒരു ഇൻഫ്ലുവൻസർ ഈ എഐ മാസുവിനെ സന്ദർശിച്ചിരുന്നു. അപ്പോൾ 'രാത്രിയിൽ ഉറക്കമില്ല, എന്താണ് ചെയ്യുക' എന്നാണ് അവൾ മാസുവിനോട് ചോദിച്ചത്. 'രാത്രിയിൽ അല്പം ചൂടുവെള്ളം കുടിച്ചിട്ട് കിടന്നാൽ മതി' എന്നായിരുന്നു ഡിജിറ്റൽ മാസുവിന്റെ മറുപടി. 

ചൈനീസ് സോഷ്യൽ മീഡിയകളിലൊക്കെ വലിയ രീതിയിലാണ് ഈ ദേവതയുടെ വാർത്തയും ചിത്രങ്ങളും വീഡിയോകളും ഒക്കെ പ്രചരിച്ചത്. ഈ വർഷം ഏപ്രിൽ 20 -ന് നടന്ന കടൽ ദേവതയായ മാസുവിന്റെ 1,065 -ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് AI മാസുവിന്റെ ലോഞ്ച് നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group