Join News @ Iritty Whats App Group

പഹൽഗാം ഭീകരാക്രമണം; കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്, അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് ചേരും. വിദേശ യാത്ര റദ്ദാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധി ഭീകരാക്രമണം നടന്നതിനു പിന്നാലെ അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എൻസിപി ഉൾപ്പെടെയുളള പാർട്ടികൾ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാർക്ക് നൽകിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദർശനത്തിനു ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഇടപ്പളളി ശ്മശാനത്തിലാകും രാമചന്ദ്രന്റെ സംസ്‌കാരം.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശി കെഎസ് ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ചന്ദ്രമൗലിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും ആന്ധ്രാപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group