കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതിക്കായി വിദേശസഹായം സ്വീകരിച്ചതില്‍ ഫെമ (വിദേശവിനിമയ നിയന്ത്രണച്ചട്ടം) ലംഘനമുണ്ടെന്ന കേസില്‍ സി.ബി.ഐ. കുറ്റപത്രത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കും. കേസില്‍ മറ്റ് കൂടുതല്‍ പ്രതികളുണ്ടാകുമെന്നും വിചാരണാനുമതി ലഭിച്ച ശേഷം അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കുമെന്നും സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.
ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ അന്വേഷണമേറ്റെടുത്ത് കൊച്ചിയിലെ പ്രത്യേകകോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ യൂണി ടാക് ഉടമ സന്തോഷ് ഈപ്പന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. എന്നാല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ പ്രതിക ളുടെ എണ്ണം കൂടുമെന്നാണു വിവരം. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്‍ ചെയര്‍മാനെങ്കിലും അദ്ദേഹത്തെ പ്രതിയാക്കേണ്ടതില്ലെന്നാണ് സി.ബി.ഐക്കു ലഭിച്ച നിയമോപദേശം.
യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ജീവനക്കാരി സ്വപ്നാ സുരേഷിനൊപ്പമുള്ള ഒരു ഫോട്ടോയല്ലാതെ, മറ്റ് തെളിവൊന്നും മുഖ്യമന്ത്രിക്കെതിരേ കണ്ടെത്താനാ യിട്ടില്ല. മുഖ്യമന്ത്രിയെ പ്രതിയാക്കണോയെന്ന തീരുമാനം വൈകിയതിനാലാണ് 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രവും വൈകിയത്. വിദേശ സഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സംസ്ഥാനം നേരിട്ട് വിദേശസഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെ ന്നുമാണു സി.ബി.ഐയുടെ വാദം. ലൈഫ് മിഷന്‍ സി.ഇ.ഒ. സര്‍ക്കാര്‍ പ്രതിനിധിയാണ്.
അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചതു സര്‍ക്കാര്‍പദ്ധതിക്കു വേണ്ടിയാണ്. യൂണിടാക്കും യു.എ.ഇ. കോണ്‍സുലേറ്റും തമ്മിലാണു പണമിടപാട് കരാറെങ്കിലും രണ്ടാംകക്ഷി സര്‍ക്കാരാണ്. വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സര്‍ക്കാരിനാണ്. വിദേശസഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിനു ബാധ്യതയില്ലെങ്കില്‍ സര്‍ക്കാര്‍ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നതിനു മറുപടി തൃപ്തികരമല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐ. കേസെടുത്തതു വിവാദമായിരുന്നു.
ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണു സി.ബി.ഐ. പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ അന്വേഷണത്തിനു സംസ്ഥാനസര്‍ക്കാ രിന്റെ അനുമതി ആവശ്യമാണെന്നുമാണു ലൈഫ് മിഷന്‍ വാദിച്ചത്. അവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി രണ്ടുമാസത്തേക്ക് അന്വേഷ ണത്തിനു സ്‌റ്റേ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് സി.ബി.ഐക്കുള്ള മുന്‍കൂര്‍ അനുമതി റദ്ദാക്കി സര്‍ക്കാരും ഉത്തരവിറക്കി. എന്നാല്‍ സ്‌റ്റേ നീക്കിയ സുപ്രീം കോടതി, സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
Post a Comment