Join News @ Iritty Whats App Group

കണ്ണൂർ സിപിഎമ്മിലും തലമുറ മാറ്റം; കെകെ രാഗേഷ് പാർട്ടി ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റി അംഗീകരിച്ചു


കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.

സിപിഎമ്മിൻ്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. ഇവിടെയാണ് ഒരു തലമുറ മാറ്റം സംഭവിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയംഗമായ കെകെ രാഗേഷ് എസ്എഫ്ഐയിലൂടെ ഉയർന്നുവന്ന നേതാവാണ്. പാർട്ടിയുടെ ജില്ലയിലെ യുവ നേതൃനിരയിലേക്ക് പാർട്ടിയുടെ തന്നെ നിയന്ത്രണം ഏൽപ്പിക്കുകയാണ്.

ഇന്ന് രാവിലെ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര് തീരുമാനിച്ചത്. പിന്നീട് ജില്ലാ കമ്മിറ്റി യോഗത്തിൽ പേര് നിർദ്ദേശിച്ചു. അംഗങ്ങൾ ഇത് അംഗീകരിക്കുകയും ചെയ്തു. പന്ത്രണ്ട് അംഗ ജില്ലാ സെക്രട്ടറിയേറ്റും യോഗത്തിൽ രൂപീകരിച്ചു. എം കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം.

ടി വി രാജേഷ്, എം.പ്രകാശൻ, മുതിർന്ന നേതാവ് എൻ ചന്ദ്രൻ തുടങ്ങിയ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതോടെയാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് അനിവാര്യമായത്. രാജ്യത്തെ സിപിഎമിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരിൽ സെക്രട്ടറിയാകുന്നവർ പാ‍ർട്ടിയുടെ സംസ്ഥാന - ദേശീയ നേതൃത്വത്തിൽ സുപ്രധാന ചുമതലകളിൽ എത്താറുണ്ട്. പാർട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവും ഇന്ന് നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group