കോഴിക്കോട് | തളിപ്പറമ്ബ്
ജുമുഅത്ത് പള്ളിയുടെ വഖ്ഫ്
ഭൂമിയിൽ അവകാശവാദമുന്നയിച്ച് നൽകിയ
ഹരജി വിവാദമായതിന് പിന്നാലെ യു
ടേണടിച്ച് സർ സയ്യിദ് കോളജ് മാനേജ്മെന്റ്.
ലീഗ് നേതാക്കള്‍ ഭാരവാഹികളായ കണ്ണൂര്‍ ജില്ലാ മുസ്‌ലിം മാനേജ്മെന്റ് അസ്സോസിയേഷന്റെ (സി ഡി എം ഇ എ) കീഴിലുള്ള സ്ഥാപനം ഹൈക്കോടതിയില്‍ വിചിത്രവാദവുമായി രംഗത്തുവന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖം രക്ഷിക്കാന്‍ മാനേജ്മെന്റിന്റെ നിലപാട് മാറ്റം. വഖ്ഫ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചിട്ടില്ലെന്നും തണ്ടപ്പേര് തിരുത്തിയതിനെതിരായ ഹരജിയാണ് കോടതിയില്‍ നല്‍കിയതെന്നും സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി അള്ളാംകുളം മഹ്മൂദ് പറഞ്ഞു.
പ്രതിരോധത്തിലായ മുസ്‌ലിം ലീഗും വിശദീകരണവുമായി രംഗത്തുവന്നു. കോഴിക്കോട്ട് വഖ്ഫ് നിയമ ഭേദഗതിക്കെതിരായി പൊതുസമ്മേളനം നടത്തുകയും അതേസമയം തന്നെ വഖ്ഫ് കൈയേറ്റക്കാരെ പിന്തുണക്കുകയും ചെയ്യുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് വിമര്‍ശമുയര്‍ന്നതിനു പിന്നാലെയാണ് കോളജ് മാനേജ്മെന്റിനെ സംരക്ഷിക്കുന്ന തരത്തില്‍ ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഭൂമി തളിപ്പറമ്ബ് ജുമുഅത്ത് പള്ളിയുടേതല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെതാണെന്നും കോളജ് മാനേജ്മെന്റ്‌ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒന്നിലധികം സ്ഥലത്ത് പറയുന്നത് 'ക്ലറിക്കല്‍ മിസ്റ്റേക്കാ'ണെന്നാണ് ന്യായീകരണം. ഇക്കാര്യത്തില്‍ ലീഗിനെ പഴിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. പൂര്‍ണമായും ഈ ഭൂമി വഖ്ഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന് സംഭവിക്കാവുന്ന തെറ്റ് എടുത്തുകാട്ടി ലീഗിനെതിരെയുള്ള ആരോപണമാക്കാനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശം. ഇതാദ്യമായാണ് വിഷയത്തില്‍ ലീഗിന്റെ പ്രതികരണം.
Post a Comment