Join News @ Iritty Whats App Group

ഓട്ടോ ഡ്രൈവറുടെ മകൾ, കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസിലേക്ക് അദിബ അനം; മഹാരാഷ്ട്രയിലെ ആദ്യ മുസ്ലീം വനിത ഐഎഎസ്


മുംബൈ: ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് അദിബ അനം എന്ന യുവതി. ഓട്ടോ ഡ്രൈവറുടെ മകളായ അദിബ അനം ആണ് മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്ലീം വനിതാ ഐഎഎസ് ഓഫീസർ ആകാൻ പോകുന്നത്. സാഹചര്യങ്ങൾ കാരണം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വന്ന അച്ഛന് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നു. എന്നാൽ ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നിൽ വിജയിച്ചുകൊണ്ട് അദ്ദേഹത്തിന് അഭിമാനമാകുകയാണ് മകൾ. 

യുപിഎസ്‌സി 2024 പരീക്ഷയിൽ 142-ാമത് റാങ്ക് നേടിയ ശേഷം അദിബ മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്ലീം വനിതാ ഐഎഎസ് ഓഫീസറാകാൻ ഒരുങ്ങുകയാണ്. കർഷക ആത്മഹത്യകൾക്ക് പ്രസിദ്ധമായ വിദർഭയിലെ യാവത്മലിലാണ് ഇവരുടെ വീട്. ബിരുദം പൂർത്തിയാക്കിയ ശേഷം, സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാനായി അദിബ പൂനെയിലേക്ക് താമസം മാറി. എഴുതിയ മറ്റ് പരീക്ഷകളിലെല്ലാം മികവ് കാട്ടിയ ഗണിതശാസ്ത്ര ബിരുദധാരിയായ അദിബക്ക് ഈ വിജയം എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് ശ്രമങ്ങളിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം ശ്രമത്തിൽ വിജയത്തേരിലേറി. 

സാമ്പത്തികമായി വളരെ കഷ്ടപ്പാടിലായിരുന്നുവെങ്കിലും മകളുടെ വിദ്യാഭ്യാസത്തിൽ ഒരിക്കലും കുറവ് വരുത്താതിരുന്ന അദിബയുടെ പിതാവിന് അഭിനന്ദന പ്രവാഹങ്ങളാണ് എക്സിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും. തന്റെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ മാതാപിതാക്കൾ നൽകിയ വൈകാരികവും സാമ്പത്തികവുമായ പിന്തുണയെ ഓർക്കുകയാണ് അബിദ. സർവ്വീസിൽ കയറിയാൽ നിരാലംബരായവർക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദിബ.

Post a Comment

Previous Post Next Post
Join Our Whats App Group