കേളകം: ഈസ്റ്റർ വിപണി ലക്ഷ്യമിട്ട
കോഴിക്കർഷകർക്ക് നിരാശ.
കോഴി വില ഇടിഞ്ഞ് 72 രൂപയിൽ എത്തി.
വിഷുവിന് 96 രൂപ മൊത്തം വിലയുണ്ടായിരുന്ന
കോഴിക്കാണ് ഇപ്പോൾ വിലയിടിഞ്ഞത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോഴിക്ക് 110 രൂപ മുതല്‍130 രൂപ വരെയും ഇറച്ചിക്ക് 190 മുതല്‍ 210 രൂപ വരെയും വില ഈടാക്കുന്നുണ്ട്. ഫാമുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കുറവിന് കാരണം ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാമുകള്‍ തമ്മിലുള്ള കിടമത്സരമാണ്.
ജില്ലയിലെ ഫാമുകളിലേക്ക് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. അവധിക്കാല സീസണ്‍ സ്വപ്നം കണ്ട ജില്ലയിലെ ഫാമുകളിലെല്ലാം വളർച്ചയെത്തിയ കോഴികളെ വലിയ തോതില്‍ സംഭരിച്ചിട്ടുള്ള സമയമാണിത്.
അതേസമയം, കേരളത്തിലെ ഫാമുകള്‍ക്കെതിരെയുള്ള തമിഴ്നാട് ലോബിയുടെ നീക്കത്തിന്‍റെ ഭാഗമാണ് വില കുറയ്ക്കലെന്ന് കോഴിഫാം നടത്തിപ്പുകാർ പറയുന്നു. കോഴി വില നിർണയത്തില്‍ വലിയ പങ്കു വഹിക്കുന്നത് തമിഴ്നാട് ബ്രോയിലർ കോ-ഓർഡിനേഷൻ കമ്മിറ്റി (ബിസിസി) ആണ്. കോഴിഫാമുകളെ ഇല്ലാതാക്കി കുത്തക സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് കേരളത്തിലെ കർഷകരുടെ ആരോപണം.
കോഴികളെ നിശ്ചിത സമയപരിധി വരെ മാത്രമേ ഫാമുകളില്‍ നിർത്താനാകു. അതുകൊണ്ടു തന്നെ വില കുറഞ്ഞാലും കൂടിയാലും വിറ്റൊഴിക്കുകയേ കർഷകർക്ക് മുന്നില്‍ മാർഗമുള്ളൂ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിർത്തുന്നത് തീറ്റ ഇനത്തില്‍ വീണ്ടും വലിയ നഷ്ടം വരുത്തും. തീറ്റയും പരിചരണവുമേകി വില്ക്കുമ്ബോള്‍ ഇന്നലത്തെ വിലപ്രകാരം ചെലവു തുകയുടെ പകുതി പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. കോഴിക്കുഞ്ഞിന്‍റെ വില, തീറ്റ, മരുന്ന്, പരിചരണ ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴിക്ക് 98 രൂപ വരെ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്.
ഫാമുകളില്‍ വലിയ വില കുറവുണ്ടെങ്കിലും ആനുപാതികമായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഒരുകിലോ കോഴിക്ക് ഫാമുകളില്‍ 148 രൂപ വിലയുണ്ടായിരുന്നു.
Post a Comment