കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്പെൻഷൻ.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്. എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് മൊഴി നൽകിയത്. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ പ്രചാരണങ്ങൾ.
പെട്രോൾ പമ്പിന്‍റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു.
പിറ്റേന്ന് പരാതി ബിജുവിന് വാട്സ് ആപ്പ് ചെയ്തു. പക്ഷെ ചില തിരുത്തലുകൾ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്സ്ആപ്പിൽ അയച്ചു. 14ന് വിജിലൻസിൽ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്‍റെ മൊഴി. അപ്പോഴും പണം നൽകിയതിന് തെളിവില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതോടെ വാട്സ് ആപ്പിൽ നൽകിയ പരാതിയല്ലാതെ വിജിലൻസിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നൽകിയിട്ടില്ലെന്ന് മൊഴിയിൽ നിന്ന് വ്യക്തമാവുകയാണ്.
പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്‍റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസും പരാതിയില്ലെന്ന് വ്യക്തമാക്കി. വിവാദ യാത്രയയപ്പിനുശേഷം പിപി ദിവ്യ കണ്ണൂർ കളക്ടറെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. അതായത് ആർക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീൻ ബാബുവിനെതിരെ ആയുധമാക്കിയത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരിച്ചിട്ടും ഈ പരാതി ഉയർത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയത്.
Post a Comment