Join News @ Iritty Whats App Group

ബില്ലിനെതിരെ കൂടുതൽ പേർ സുപ്രീംകോടതിയിൽ; നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവനും, അടുത്തയാഴ്ച്ച ഒപ്പുവെച്ചേക്കും



ദില്ലി: വഖഫ് ബില്ലിൽ നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവനും. ബില്ലിൽ രാഷ്ട്രപതി അടുത്തയാഴ്ച ഒപ്പുവെച്ചേയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ കൂടുതൽ പാർട്ടികൾ സുപ്രീംകോടതിയിലെത്തി. കോൺഗ്രസിന് പിന്നാലെ എഐഎംഐഎം (AIMIM) തലവൻ അസറുദ്ദീൻ ഒവൈസി സുപ്രീംകോടതിയിൽ ബില്ലിനെതിരെ ഹർജി നൽകി. ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. തൃണമൂൽ കോൺഗ്രസും ഉടൻതന്നെ ഹർജി നൽകിയേക്കും. 



ഇതിനിടെ ബില്ലിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. ദില്ലി യൂണിവേഴ്സിറ്റിക്ക് പുറത്ത് എം എസ് എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബില്ലിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. അതിനിടെ, വഖഫ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ജോസ് കെ മാണി എംപി രംഗത്തെത്തി. ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇടതുമുന്നണിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കേരള കോൺഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരിൽ പറഞ്ഞു. 



വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ചാണ് രാജ്യസഭയിൽ ജോസ് കെ മാണി വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിനെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്‌. വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു. എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാനാണ് നിലവിൽ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതിൽ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group