Join News @ Iritty Whats App Group

പഹൽഗാം ഭീകരാക്രമണം‌; തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ കൂട്ടി, രാജ്യം ഒറ്റക്കെട്ടായി നിന്നു: രാജ്നാഥ് സിംഗ്


ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയിൽവേ ലൈനുകൾക്കും അത് കടന്നുപോകുന്ന ടണലുകൾക്കുമാണ് സിആർപിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീർ നിയമസഭയുടെ പ്രത്യേകം സമ്മേളനവും ഇന്ന് ചേരും. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി. 

പഹൽഗാം ആക്രമണത്തിനു ശേഷം രാജ്യം ഒറ്റക്കെട്ടായി നിന്നു എന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. സർവ്വകക്ഷി യോഗത്തിലുയർന്ന നിലപാടുകൾ സ്വാഗതാർഹമെന്നും സർക്കാർ വ്യക്തമാക്കി. ചൈനയുടെ പ്രസ്താവന പരിശോധിക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. നിലവിൽ അതിർത്തി വഴി 627 പാകിസ്ഥാനികൾ മടങ്ങിയെന്നാണ് റിപ്പോർട്ട്. 

അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്. 

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group