Join News @ Iritty Whats App Group

സുപ്രീം കോടതിക്കെതിരായ പരാമർശം; നിഷികാന്തിനെതിരെ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്


ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്ന വിവാദ പ്രസ്കാവനയില്‍ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാനാണ് ബിജെപിയുടെ ശ്രമം. ഇതിനിടെ നിഷികാന്ത് ദുബെക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം പ്രതിഷേധം ശക്തമാക്കി.

വഖഫ് നിയമ ഭേദഗതിയിലെ സുപ്രീംകോടതി ഇടപെടല്‍, ബംഗാളിലെ കലാപം ഈ ചോദ്യങ്ങളോടുള്ള മറുപടിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ നിഷികാന്ത് ദുബെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. ബംഗാളിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര മതയുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന് തുറന്നടിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി നടപടിയേയും രൂക്ഷമായി വിമര്‍ശിച്ചു.

കോടതികള്‍ ഇങ്ങനെ ഇടപെടുകയാണെങ്കില്‍ പിന്നെ പാര്‍ലമെന്‍റ് അടച്ചുപൂട്ടുകയാകും നല്ലതെന്നും ദുബെ പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസിടിക്കുന്ന പ്രസ്താവനയില്‍ നടപടി വേണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അനസ് തന്‍വീറാണ് അറ്റോര്‍ണ്ണി ജനറലിന് കത്തയച്ചത്. കോടതിയെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ നിര്‍ത്താനുള്ള ബിജെപി നീക്കമാണ് വെളിവായതെന്ന് കോൺഗ്രസും ആരോപിച്ചു.

ദുബെയുടെ പരാമര്‍ശം ബിജെപിക്ക് വലിയ ക്ഷീണമായി. പ്രസ്താവന തള്ളിയ ജെപി നദ്ദ ബിജെപിക്ക് പരമോന്നത കോടതിയോടെന്നും ബഹുമാനമേയുള്ളൂവെന്ന് തിരുത്തി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും സുപ്രീംകോടതിക്കതിരെ അടുത്തിടെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. വരുന്ന അഞ്ചിന് വഖഫ് കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദ നീക്കം. വഖഫിലും, ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിലുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കോടതി തടയിട്ടതാണ് പ്രകോപന കാരണം.

Post a Comment

Previous Post Next Post
Join Our Whats App Group