Join News @ Iritty Whats App Group

മോദി സൗദിയിലേക്ക്, മൂന്നാമത്തെ സന്ദർശനം, സുപ്രധാന കരാറുകൾ ഒപ്പിടുമെന്ന് സൂചന

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തിൽ സൗദി സന്ദർശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദർശിക്കുന്നത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോ​ഗിക കൂടിക്കാഴ്ച നടത്തുന്നത്. സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കുമെന്നും സൂചനകളുണ്ട്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായിരിക്കും മോദി സൗദിയിലെത്തുന്നത്. 2023 സെപ്റ്റംബറിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ മാസം യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും മോദി സൗദിയിലേക്കെത്തുന്നത്. ജിദ്ദയിലെ പൊതു സമൂഹവുമായും മോദി സംവദിക്കുമെന്നാണ് സൂചനകൾ. നിലവിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ.  

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ 2023-24 വർഷങ്ങളിൽ 43.3 ബില്ല്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. നിലവിൽ സൗദി അറേബ്യയുടെ വ്യാപാര പങ്കാളികളിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം സൗദിയാണ്. ​ഗാസയിലെ സ്ഥിതി​ഗതികൾ, ഇസ്രായോൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാ​ഗമായി ഉണ്ടാകും എന്നാണ് സൂചനകൾ.

Post a Comment

Previous Post Next Post
Join Our Whats App Group