Join News @ Iritty Whats App Group

ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവം: 'സുരക്ഷാനടപടിയുടെ ഭാ​ഗം, രാഷ്ട്രീയമായി കാണേണ്ടതില്ല': രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം: ദില്ലി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ കോൺ​ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്നും വിമർശിച്ചു. ഇന്നലെ ഹനുമാൻ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്ന് ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

തഹാവൂർ റാണയെ എത്തിച്ചതിന്റെ ഭാഗമായി ദില്ലിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വർഷങ്ങളായുള്ള മുനമ്പം വിഷയത്തിൽ പരിഹാരം കണ്ടത് നരേന്ദ്ര മോദിയാണ്. മോദിക്ക് വോട്ട് ചെയ്യുന്നവർ അവിടെയില്ലാതിരുന്നിട്ടും വിഷയത്തിന് പരിഹാരം കണ്ടു. മറ്റ് രാഷ്ട്രീയ പാർട്ടികൾ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. 

ദില്ലി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ഓശാന പ്രദക്ഷിണമാണ് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദില്ലി പോലീസ് തടയിട്ടത്. ഏകപക്ഷീയ നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ദില്ലി അതിരൂപത കാത്തലിക് അസോസിയേഷന്‍ അപലപിച്ചു. ദില്ലി ആര്‍ച്ച് ബിഷപ്പിന്‍റെ ഓഫീസില്‍ നിന്ന് രാവിലെ പത്ത് മണിയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പിലാണ് കുരുത്തോല പ്രദക്ഷിണം പോലീസ് തടഞ്ഞതായി വ്യക്തമാക്കിയത്. പഴയ ദില്ലിയിലെ സെന്‍റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിവരെയുള്ള 8 കിലോമീറ്ററില്‍ പ്രദക്ഷിണം നടത്താനായിരുന്നു അപേക്ഷ നല്‍കിയിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group