ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് കയറി അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയുടെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ബെംഗളൂരു വിമാനത്താവള വക്താവ് അറിയിച്ചു. അപകടത്തിൽ ട്രാവലറിന്‍റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12:15 ഓടെയാണ് ടെമ്പോ ട്രാവലർ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിന്‍റെ അടിവശത്ത് ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെയാണ് ട്രാവലർ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. എഞ്ചിൻ അറ്റകുറ്റപ്പണികൾക്കായി വിമാനം ആൽഫ പാർക്കിംഗ് ബേ 71 ൽ നിർത്തിയിരിക്കുകയായിരുന്നു. അപകടത്തിൽ വിമാനത്തിന്‍റെ അടിവശത്തും ടെംപോ ട്രാവലറിന്‍റെ മുകൾ വശത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാനിന്‍റെ മെയിൻ ഗ്ലാസടക്കം തകർന്നിട്ടുണ്ട്.
Post a Comment