പാലക്കാട് : ഫഹദ് ഫാസില്‍ നായകനായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ആ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ആലത്തൂരില്‍ അരങ്ങേറിയത്.
മേലാര്‍കോട് ഉത്സവത്തിനിടെ കഴിഞ്ഞ ആറിനായിരുന്നു സംഭവങ്ങള്‍ക്കു തുടക്കം. പട്ടഞ്ചേരി സ്വദേശി വിനോദിന്റെ രണ്ടര വയസുകാരി മകളുടെ മുക്കാല്‍ പവന്‍ വരുന്ന മാല മധുര സ്വദേശി മുത്തപ്പന്‍ മോഷ്ടിച്ചു. നാട്ടുകാര്‍ കൈയോടെ പിടികൂടിയപ്പോള്‍ മുത്തപ്പന്‍ മാല വിഴുങ്ങി.
ആലത്തൂര്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ മോഷ്ടിച്ചില്ലെന്ന് ആണയിട്ടു. എക്‌സ്‌റെയില്‍ വയറ്റില്‍ മാല തെളിഞ്ഞു. റിമാന്‍ഡ് ചെയ്ത പ്രതിയെ തൊണ്ടിമുതല്‍ കിട്ടാനായി വയറിളക്കാന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ദിവസേന കിലോക്കണക്കിന് പൂവന്‍പഴവും റോബസ്റ്റയും നല്‍കിയിട്ടും തൊണ്ടിമുതല്‍ മാത്രം പുറത്തേക്കുവന്നില്ല. കള്ളനൊപ്പം തൊണ്ടിക്കായി പോലീസിന്റെ കാത്തിരിപ്പും തുടര്‍ന്നു.
ഒടുവില്‍ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുക്കാന്‍ തീരുമാനിച്ചിരിക്കെ സംഭവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ വൈകിട്ടു നാലോടെ മാല പുറത്തുവന്നു. നന്നായി കഴുകിയെടുത്ത മാല ഉടമയെ കാണിച്ച് ഉറപ്പുവരുത്തിയ പോലീസ്, തൊണ്ടിസഹിതം കള്ളനെയും കൊണ്ട് ആശുപത്രി വിട്ടു. തൊണ്ടിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും മാല തിരികെക്കിട്ടാന്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Post a Comment