Join News @ Iritty Whats App Group

സോഷ്യൽ മീഡിയ പോസ്റ്റുകൾ വിസ റദ്ദാവാൻ കാരണമാവും; ഔദ്യോഗിക അറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ അധികൃതർ


ന്യൂയോർക്ക്: വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ച് വിസ റദ്ദാക്കുകയോ വിസ നിഷേധിക്കുകയോ ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ് അധികൃതർ. യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സ‍ർവീസസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് അധികാരമേറ്റ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമെന്ന് തോന്നുന്ന ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കുകയോ, അല്ലെങ്കിൽ നിലവിലുള്ള വിസകൾ റദ്ദാക്കുകയോ ചെയ്യുമെന്നാണ് ഇതോടെ അധികൃതർ വിശദമാക്കുന്നത്.

വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേരുടെ വിസകൾ റദ്ദാക്കപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്നും അവരെ രാജ്യത്ത് താമസിപ്പിക്കാൻ കഴിയില്ലെന്നും അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിലെ പബ്ലിക് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ എന്നിങ്ങനെ അമേരിക്ക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഘങ്ങൾ എന്നിവയെ അനുകൂലിച്ചുള്ള പോസ്റ്റുകളും യു.എസ് വിസ റദ്ദാക്കപ്പെടാനോ വിസയ്ക്കായി നൽകുന്ന അപേക്ഷകൾ തള്ളപ്പെടാനോ കാരണമായേക്കുമെന്നാണ് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഉള്ളടക്കം ഇത്തരം പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായി കണക്കാക്കുമെന്നും അവ വിസ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ തന്നെ പറയുന്നു. വിദ്യാർത്ഥികളുടെ വിസകൾക്കും ഗ്രീൻ കാർഡുകൾക്കുള്ള അപേക്ഷകൾക്കും ഉൾപ്പെടെ ഈ നയം നിലവിൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞതായും അധികൃതർ അറിയിക്കുന്നു. അതേസമയം കഴിഞ്ഞ ആഴ്ചകളിൽ നൂറു കണക്കിന് വിദേശികളുടെ വിസകൾ റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എത്ര പേരുടെ വിസകൾ റദ്ദാക്കിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും മാർച്ചിൽ മുന്നൂറോളം പേരുടെ വിസകൾ റദ്ദാക്കിയതായും ഇപ്പോഴും ദിവസേന ഇത്തരം നടപടികൾ തുടരുന്നതായും അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group