എരുമേലി: മകളുടെ പ്രണയത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ വീട് അകത്തുനിന്നു പൂട്ടി ദേഹത്തു പെട്രോളൊഴിച്ചു തീകൊളുത്തിയ വീട്ടമ്മയ്ക്കും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്, മകള്‍ എന്നിവര്‍ക്കും ദാരുണാന്ത്യം. മകനു പൊള്ളലേറ്റു പരുക്ക്.
എരുമേലി ശ്രീനിപുരത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. ജൂബിലി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകള്‍ അഞ്ജലി (26) എന്നിവരാണു മരിച്ചത്. പരുക്കേറ്റ അഖിലേഷ് (ഉണ്ണിക്കുട്ടന്‍-22) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് തീപിടിച്ചതിനെത്തുടര്‍ന്ന് സീതമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഭര്‍ത്താവും മകളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരിച്ചത്. സംഭവസമയത്ത് അഖിലേഷ് കുളിമുറിയിലായിരുന്നതിനാല്‍ കാര്യമായി പൊള്ളലേറ്റില്ല. നാട്ടുകാരും എരുമേലി പോലീസും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതി വയറുകളും മേല്‍ക്കൂരയിലെ ഷീറ്റുകളും കത്തിനശിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വിദേശത്തു നഴ്‌സായിരുന്ന അഞ്ജലി ഒരാഴ്ച മുമ്പ് നാട്ടിലെത്തി. സമീപവാസിയായ യുവാവുമായി അഞ്ജലി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇതിന് അനുകൂലമായിരുന്നില്ല. ഈ വിഷയത്തില്‍ വീട്ടില്‍ വഴക്കുണ്ടായതോടെ ഭര്‍ത്താവിന്റെ സ്ഥാപനത്തിലേക്കു വാങ്ങിവച്ച പെട്രോളെടുത്ത് സീതമ്മ സ്വന്തം ദേഹത്തൊഴിച്ചു തീകൊളുത്തി.
തുടര്‍ന്ന് വീടിനു തീപിടിച്ച് അപകടമുണ്ടാവുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Post a Comment