Join News @ Iritty Whats App Group

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

നാഷണല്‍ ഹെറാള്‍ഡിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെയാണ് പ്രധാനമായി ആരോപണം ഉയരുന്നത്. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്ത് കണ്ടുകെട്ടാനാണ് ഇഡിയുടെ പദ്ധതി. ലക്‌നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും.

2012ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ഇതായിരുന്നു കേസിന്റെ തുടക്കം. 1937-ല്‍ ജവാഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന കമ്പനിയ്ക്ക് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുക്കളുണ്ടായിരുന്നതായും എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നും ആയിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.

1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group