Join News @ Iritty Whats App Group

ഷീറ്റ് മേ‌ഞ്ഞ കെട്ടിടത്തിൽ 5 വയസുകാരിയുടെ മൃതദേഹം; ക‌‍‌ർണാടകയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി


ബെംഗളൂരു: കർണാടകയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. ഞായറാഴ്ച്ചയാണ് സംഭവം. അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 

ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. വൈദ്യപരിശോധനയും തുടർന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികളിൽ വലിയൊരു വിഭാഗം അശോക് നഗർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടക്കുകയായണെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശി കുമാർ പറഞ്ഞു.

പ്രദേശത്തെ വീടുകളിൽ വീട്ടു ജോലിക്ക് പോകുന്നയാളാണ് കുട്ടിയുടെ അമ്മ. സംഭവ സമയത്ത് അമ്മ മകളെയും ജോലിക്ക് കൊണ്ടുപോയിരുന്നു. എന്നാൽ അജ്ഞാതനായ ഒരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നിലുള്ള ഒരു ചെറിയ ഷീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിലെ കുളിമുറിയിൽ 
നിന്നും പെൺകുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

കുറ്റവാളിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രതിയെ തിരിച്ചറിഞ്ഞാലുടൻ മറ്റ് വിശദാംശങ്ങളും കണ്ടെത്താനാകുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group