Join News @ Iritty Whats App Group

ജലജീവന്‍ മിഷനായി മണ്ണ് നീക്കി, അപ്രതീക്ഷിതമായ കാഴ്ചകൾ; 4 കാലുള്ള 5 മൺപാത്രങ്ങളും അസ്ഥി കഷ്ണങ്ങളും


കാസര്‍കോട്: കാസര്‍കോട് ബന്തടുക്ക മാണിമൂലയില്‍ കണ്ടെത്തിയ ചരിത്രശേഷിപ്പുകള്‍ മഹാശിലാ കാലഘട്ടത്തിലേതെന്ന് നിഗമനം. കുടിവെള്ള പദ്ധതിക്കായി മണ്ണ് നീക്കുമ്പോഴാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും അസ്ഥികളും കിട്ടിയത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ചപ്പോഴാണ് ചരിത്ര ശേഷിപ്പുകള്‍ കിട്ടിയത്. ബന്തടുക്ക മാണിമൂലയില്‍ കണ്ടെത്തിയത് മണ്‍പാത്രങ്ങളും അസ്ഥികളുമാണ്.

ബി സി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയില്‍ ഉപയോഗിച്ചിരുന്ന നോര്‍ത്തേണ്‍ ബ്ലാക് പോളിഷ്ഡ് ഇനത്തില്‍പ്പെട്ട മണ്‍പാത്രം, നാല് കാലുകള്‍ ഉള്ള അഞ്ച് മണ്‍പാത്രങ്ങള്‍, ഇരുമ്പ് ആയുധ അവശിഷ്ടങ്ങള്‍, നന്നങ്ങാടിയുടേതെന്ന് കരുതുന്ന അടപ്പ് തുടങ്ങിയവാണ് കിട്ടിയത്. ഇവയ്ക്കൊപ്പം അസ്ഥി കഷണങ്ങളും ലഭിച്ചിട്ടുണ്ട്. വലിയൊരു പാത്രത്തിന്‍റെ അടിഭാഗത്ത് നിന്നാണ് എല്ലിന്‍ കഷണങ്ങള്‍ കിട്ടിയത്.

മണ്ണിനടിയില്‍ വലിയ ഭരണിയുടെ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് മാണിമൂലയിലെ ചരിത്ര ശേഷിപ്പുകള്‍. ഇതിന് സമീപത്തായി മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ലറയുമുണ്ട്. അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കിയാല്‍ മഹാശിലാ കാലഘട്ടത്തിലെ സംസ്ക്കാരത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ചരിത്രാവശിഷ്ടങ്ങള്‍ മുഴുവനും പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയത്തിന് കൈമാറി.

Post a Comment

Previous Post Next Post
Join Our Whats App Group