Join News @ Iritty Whats App Group

ഉപ്പുതറ കൂട്ട ആത്മഹത്യ; 4 പേരുടേതും തൂങ്ങിമരണം, രേഷ്മ 2 മാസം ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


ഉപ്പുതറ: ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം ആത്മഹത്യ. നാലുപേരുടേതും തൂങ്ങിമരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മരിച്ച രേഷ്മ രണ്ട് മാസം ഗർഭിണിയാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം വീട്ടിൽ സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ ആരോപണത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് കണ്ടെത്താൻ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും ശേഖരിക്കുന്നുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നാലുപേരുടെയും മൃതദേഹം വീട്ടുവളപ്പിൽ വൈകിട്ട് സംസ്കരിക്കും. 

ഇന്നലെ വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്റെ അച്ഛൻ പ്രതികരിച്ചത്. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായാണ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് വിശദമാക്കിയത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Join Our Whats App Group