ശ്രീനഗർ: ജമ്മു കശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം അഞ്ചായതായി റിപ്പോർട്ട്. 20 ഓളം പേർക്ക് പരുക്കേറ്റു. അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ പെഹൽഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ് വിവരം. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം കശ്മീരിന് പുറത്തുനിന്നുള്ളവരാണെന്ന് മനസിലാക്കി ആക്രമിക്കുകയായിരുന്നു. 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ദി റെസിസ്റ്റൻറ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോർട്ടുണ്ട്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമികൾ പല റൗണ്ട് വെടിയുതിർത്തെന്നും രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കുതിരപ്പുറത്ത് സവാരി ചെയ്തും ടെൻ്റിൽ വിശ്രമിച്ചും ചിത്രങ്ങളെടുത്തും തങ്ങളുടെ അവധി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് ആക്രമിക്കപ്പെട്ടത്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ തലക്ക് അടക്കം വെടിയേറ്റവരുണ്ടെന്ന് വിവരമുണ്ട്. സംഭവം നടന്ന സ്ഥലത്തേതെന്ന പേരിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. സാധാരണക്കാർക്ക് നേരെ ഉണ്ടായ ആക്രമണം ഭീരുത്വവും അങ്ങേയറ്റം അപലപനീയവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രതികരിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ആക്രമണത്തെ അപലപിച്ചു
Post a Comment