കണ്ണൂര്‍: വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നിയമത്തിനും മുനമ്ബം വിവാദത്തിനും പിന്നാലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബിലും സമാന വിവാദം.
തളിപ്പറമ്ബ് ജുമുഅത്ത് പള്ളി ട്രസ്റ്റിന്റെ കൈയില്‍ നിന്നു 1967ല്‍ പാട്ടത്തിലെടുത്ത 25 ഏക്കര്‍ വഖ്ഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള ജില്ലാ മുസ്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. നിലവില്‍ സര്‍ സയ്യിദ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള ഭൂമി വഖ്ഫ് ഭൂമി അല്ലെന്നും അത് നരിക്കോട് ഈറ്റിശ്ശേരി ഇല്ലത്തിന്റേത് ആയിരുന്നുവെന്നുമാണ് ട്രസ്റ്റ് അധികൃതരുടെ വാദം.
മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും തളിപ്പറമ്ബ് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സനുമായ അള്ളാംകുളം മഹ്മൂദ് സെക്രട്ടറിയും പ്രാദേശിക ലീഗ് നേതാവ് അഡ്വ. പി മുഹമ്മദ് പ്രസിഡന്റുമായ അസോസിയേഷനാണ് (സിഡിഎംഇഎ) തളിപ്പറമ്ബ് ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി 25 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. ലീഗ് നേതാവും അഭിഭാഷകനുമായ അഡ്വ. എസ് മമ്മു ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
കോളജ് ആരംഭിക്കാന്‍ ഭൂമി പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് 1966ലാണ് സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റായ സിഡിഎംഇഎ തളിപ്പറമ്ബ് ജുമുഅത്ത് പള്ളി കമ്മിറ്റിയെ സമീപിച്ചത്. അന്നത്തെ മുതവല്ലിയായിരുന്ന കെ വി സൈനുദ്ദീന്‍ ഹാജി, പള്ളിയുടെ ഭൂമി ലീസിന് നല്‍കാന്‍ അനുവദിക്കണമെന്നാശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡിന് അപേക്ഷ നല്‍കി. വഖ്ഫ് ബോര്‍ഡ് 1966 സപ്തംബര്‍ 17ന് പള്ളിയുടെ പേരില്‍തന്നെ ഭൂനികുതി അടയ്ക്കണമെന്ന നിബന്ധനയില്‍ ഏക്കറിന് അഞ്ചു രൂപ ലീസ് തുക നിശ്ചയിച്ച് 99 വര്‍ഷത്തേക്ക് സിഡിഎംഇഎക്ക് ഭൂമി പാട്ടത്തിന് കൈമാറാന്‍ അനുവദിച്ചു.
1967 ഫെബ്രുവരി 22നാണ് അന്നത്തെ രജിസ്ട്രാര്‍ പി രാധാകൃഷ്ണന്‍ മേനോന്‍ മുമ്ബാകെ 44.5 രൂപ ഫീസടച്ച് മുതവല്ലി കെ വി സൈനുദ്ദീന്‍ ഹാജി ഒന്നാം നമ്ബറുകാരനായും സിഡിഎംഇഎ സ്ഥാപക പ്രസിഡന്റ് അഡ്വ. വി ഖാലിദ് രണ്ടാം നമ്ബറുകാരനായും ലീസ് ആധാരം എഴുതിയത്. ഇതുപ്രകാരമാണ് സര്‍ സയ്യിദ് കോളജ് നിര്‍മിക്കാന്‍ ഭൂമി ലഭിച്ചത്. പിന്നീട് 1975ല്‍ സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ഇവിടെയാണ് പിന്നീട് ബിഎഡ് കോളജും സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസും സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കുറുമാത്തൂര്‍ സൗത്ത് യുപി സ്‌കൂളും സ്ഥാപിച്ചത്.
1967 മുതല്‍ കോളജ് മാനേജ്‌മെന്റ് വാടക നല്‍കിയതിനും പള്ളിക്കമ്മിറ്റിയുടെ കൈയില്‍ തെളിവുകളുണ്ട്. 2007 ജനുവരി മുതല്‍ 3,000 രൂപയും 2016 ഒക്ടോബര്‍ മുതല്‍ മൂന്നു ലക്ഷം രൂപയുമാക്കി ലീസ് തുക വര്‍ധിപ്പിച്ചതിനും നല്‍കിയതിനും രേഖകളുണ്ട്. ഏറ്റവുമൊടുവില്‍, 2022 ജൂലൈ ആറിന് സിഡിഎംഇഎ മൂന്ന് ലക്ഷം രൂപ നല്‍കിയതിന്റെ രശീതി അനുവദിക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി ഒപ്പിട്ട് സീല്‍ വച്ച് നല്‍കിയ കത്തില്‍ ലീസ് തുക എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് ലീസ് തുക നല്‍കാതെ കോളജ് അധികൃതര്‍ ഭൂമിയില്‍ അവകാശവാദമുന്നയിക്കുകയായിരുന്നു.
തളിപ്പറമ്ബ് സ്വദേശികളായ ദില്‍ഷാദ് പാലക്കോടന്‍, കെ എന്‍ ഷാനവാസ് എന്നിവര്‍ ഭൂമി വഖ്ഫ് ബോര്‍ഡിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. വില്ലേജ് ഓഫിസര്‍ ഇത് പരിശോധനകള്‍ക്കായി തഹസില്‍ദാര്‍ക്ക് കൈമാറി. ഇതോടെ തണ്ടപ്പേര് തിരുത്താന്‍ തഹസില്‍ദാര്‍ ഉത്തരവിറക്കി. ഇതിനെതിരേ ആര്‍ഡിഒയ്ക്ക് നല്‍കിയ അപ്പീല്‍ ഇതുവരെ പരിഗണിക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പറയുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരേ വന്‍ പ്രതിഷേധം ഉയരുമ്ബോഴാണ് ലീഗ് ജില്ലാ സെക്രട്ടറിയുടെയും നേതാക്കളുടെയും നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി വഖ്ഫ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് തളിപ്പറമ്ബ് മഹല്ല് വഖ്ഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. ഇരട്ടത്താ പ്പ് കാണിച്ച് സമുദായത്തെ ഒറ്റി ക്കൊടുക്കുന്നവര്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മഹല്ല് നിവാസികളും മുസ്‌ലിം മതസംഘടനകളും രംഗത്തുവരണമെന്നും സമിതി ചെയര്‍മാന്‍ സി അബ്ദുല്‍കരീം, സെക്രട്ടറി കെ പി എം റിയാസുദ്ദീന്‍, ഖജാഞ്ചി ചപ്പന്‍ മുസ്തഫ ഹാജി, സിദ്ദീഖ് കുറിയാലി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment