കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഷൈന്‍ ടോം ചാക്കോയുടെ ചില ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2000 മുതല്‍ 5000 രൂപ വരെയുള്ള ഇടപാടുകളിലാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 ഓളം പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധിക്കാന്‍ ആണ് പൊലീസ് നീക്കം. പലര്‍ക്കും കടമായി നല്‍കിയ പണം എന്നാണ് ഇടപാടുകളെ ഷൈന്‍ വിശദീകരിക്കുന്നത്. ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഫോണും മുടിയുടെ സാമ്പിളുകളും ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് പരിശോധനയ്ക്കിടെ ഷൈന്‍ ഓടി രക്ഷപ്പെട്ട കൊച്ചിയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന താരത്തിന്റെ സഹായിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഹമ്മദ് മുര്‍ഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Post a Comment