Join News @ Iritty Whats App Group

ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശന വിസക്കാർ മടങ്ങണമെന്ന വാർത്ത; പ്രതികരണവുമായി സൗദി ജവാസത്ത്


റിയാദ്: വിവിധ തരം സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13 നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് സാമൂഹിക മാധ്യമ ഉപയോക്താവിന്റെ അന്വേഷണത്തിന് നൽകിയ മറുപടിയിലാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം.


ഇത്തരത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക സോഴ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഏതൊരു പുതിയ ഉത്തരവും ജവാസത്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിൽ പോസ്റ്റ് ചെയ്യും. ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ, ടൂണീഷ്യ, യെമന്‍, അള്‍ജീരിയ, നൈജീരിയ, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ഇന്തോനേഷ്യ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ ബിസിനസ്, ടൂറിസ്റ്റ് വിസ എടുത്തവര്‍ ഏപ്രില്‍ 13ന് ശേഷം സൗദിയില്‍ പ്രവേശിക്കരുതെന്നും ഈ വിസക്കാര്‍ സൗദിയിലുണ്ടെങ്കില്‍ 13ന് മുമ്പ് രാജ്യം വിടണമെന്നുമുള്ള സര്‍ക്കുലര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.



എന്നാല്‍ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ സൗദിയില്‍ താമസിക്കാമെന്നും കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ജവാസത്ത് വ്യക്തമാക്കി. ബിസിനസ് സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെയും ഫാമിലി സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെയും അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകളില്‍ വിസ കാലാവധി അറിയാന്‍ അവസരമുണ്ട്. മള്‍ട്ടിപ്ള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാന്‍ അനുവാദമുള്ളൂ.

Post a Comment

Previous Post Next Post
Join Our Whats App Group