തിരുവനന്തപുരം: തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയാണ്. ഇത്തവണ ഉച്ചയ്ക്ക് 1.15 നായിരുന്നു നിവേദ്യം. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് ദൃശ്യമായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്.
കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദാരിദ്യ്ര/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പൊങ്കാല ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. അനധികൃതമായി ചുടുകല്ലുകള്‍ ശേഖരിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകും. സുരക്ഷിതമായി പൊങ്കാലയിടാന്‍ ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ പറഞ്ഞു.
Post a Comment