ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസറെന്ന വ്യാജേന കര്‍ഷകനെ കബളിപ്പിച്ച് ഫോണിലൂടെ പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. കോട്ടയം പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയില്‍ വീട്ടില്‍ റെന്നി മാത്യു(31)വിനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.
ജില്ലാ വെറ്ററിനറി ഓഫീസറെന്ന പേരില്‍ ആലപ്പുഴ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കര്‍ഷകനെ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് പക്ഷിപ്പനിയെത്തുടര്‍ന്ന് കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിള്‍ പേ വഴി അയച്ചു തരാന്‍ പ്രതി ആവശ്യപ്പെടുകയായിരുന്നു. ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.വി. അരുണോദയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ വെറ്ററിനറി ഡോക്ടറാണെന്നുപറഞ്ഞ് ഒരാള്‍ ഫോണിലൂടെ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനായ ഡോ. അനുരാജിനെ കര്‍ഷകന്‍ അറിയിക്കുകയും ഇതിന്റെ വോയ്‌സ് റെക്കോര്‍ഡ് അയച്ചുകൊടുക്കുകയും ചെയ്തു.
പക്ഷിപ്പനിയെത്തുടര്‍ന്നു കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചതിലേക്ക് 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതിന് ഗൂഗിള്‍ പേ വഴി പണം ഓഫീസിലുള്ളവര്‍ക്ക് നല്‍കണമെന്നുമാണ് റെന്നി മാത്യു ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഗൂഗിള്‍ പേ നമ്പര്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഈ വിവരം കടക്കരപ്പള്ളി വെറ്ററിനറി സര്‍ജന്‍, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു നിയമനടപടിയിലേക്ക് കടന്നത്. മരണപ്പെട്ടുപോയ ഒരു ചങ്ങനാശേരി സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി കര്‍ഷകനുമായി ബന്ധപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അയച്ചുകൊടുത്ത ഗൂഗിള്‍ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തു. ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.എല്‍ സജിമോന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഏലിയാസ് .പി.ജോര്‍ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പദരാജ്.ആര്‍, ശരത്ചന്ദ്രന്‍ വി.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് .എസ്. ആര്‍, സി.പി.ഒ ആരതി കെ.യു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ കേസില്‍ കൂട്ടുപ്രതിയായ കോട്ടയം കുറിച്ചി സ്വദേശിയെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. പ്രതികള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഇങ്ങനെ കബളിപ്പിച്ചെടുക്കുന്ന പണം പെട്രോള്‍ പമ്പുകളില്‍ ഗൂഗിള്‍ പേ ചെയ്തും കടകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം കയ്യില്‍ വാങ്ങി ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്.
സമാനമായ രീതിയില്‍ ഔദ്യോഗിക സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചും കാന്‍സര്‍ ചികിത്സയ്‌ക്കെന്ന വ്യാജേനയും പലരെയും ഫോണ്‍കോളിലൂടെ വഞ്ചിച്ച് പണം അയച്ചു വാങ്ങിയിട്ടുണ്ട്. കൂടാതെ കോട്ടയം സ്വദേശിയായ അഡ്വക്കേറ്റിന്റെ ക്ലര്‍ക്ക് ആണെന്നും മറ്റും പറഞ്ഞു ആള്‍മാറാട്ടം നടത്തിയും പ്രതി പണം തട്ടിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഇവരില്‍ ഒരാള്‍ക്കെതിരെ സമാനമായ കേസുണ്ട്.
Post a Comment