പാലക്കാട്: ബ്രൂവറിക്കെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. മദ്യവും മയക്കുമരുന്നും വ്യാപകമായിട്ടും വീണ്ടും മദ്യശാലകളും ബ്രൂവറികളും തുറക്കുന്ന ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമാണ്.
തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജൻമം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണെന്നും കാതോലിക്കാബാവ കൂട്ടിച്ചേർത്തു.
മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർ പോലെയായി യുവജനങ്ങൾ മാറി. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ. ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണം.
പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുന്നു. റിയൽ ലൈഫ് ഇല്ലാതായി. കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയെന്ന് സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി. അടിയന്തരമായ കർമ്മപരിപാടികൾക്ക് സർക്കാർ തുടക്കം കുറിക്കണം. സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തിലാണ് കാതോലിക്കാബാവയുടെ പ്രതികരണം.
Post a Comment