Join News @ Iritty Whats App Group

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.



അതേ സമയം, രാവിലെ ആറരയോടെ അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. 



ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ്‌ കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറഞ്ഞത്‌.

Post a Comment

Previous Post Next Post
Join Our Whats App Group