Join News @ Iritty Whats App Group

‘കുടയല്ല കേന്ദ്രത്തിൽ നിന്നും കാശാണ് വാങ്ങി കൊടുക്കേണ്ടത്’; സുരേഷ് ഗോപിയെ വിമർശിച്ച് എം വി ഗോവിന്ദൻ

ആശാ പ്രവർത്തകരുടെ സമരം സന്ദർശിച്ച കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുടയല്ല കേന്ദ്രത്തിൽ നിന്നും കാശാണ് വാങ്ങി കൊടുക്കേണ്ടതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഇന്നലെ ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തിയ സുരേഷ് ഗോപി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കിയിരുന്നു. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി ഡല്‍ഹിക്ക് പോവുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു. രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയിൽ എത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ വിമർശിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തിയത്.

ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം നേരത്തെയും സുരേഷ് ഗോപി സമരവേദി സന്ദർശിച്ചിരുന്നു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കൂടാതെ വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവർക്കർമാരെ നേരിൽ കണ്ടത്. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയം കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനൊപ്പം മാനദണ്ഡം പരിഷ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group