കാഞ്ഞങ്ങാട്: സഹോദരനോടുള്ള വിരോധം തീർക്കാൻ ഒൻപതാംക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം. കാഞ്ഞങ്ങാട് നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന പള്ളിക്കര തെക്കേകുന്നിലെ വിശാഖ് കൃഷ്ണയാണ്(14) മർദനത്തിനിരയായത്.
ഫെബ്രുവരി 23നു കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ടർഫില്‍ ഫുട്ബോള്‍ കളി കാണാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് അമ്മ പ്രജിത കാസർഗോഡ് എസ്‌എംഎസ് ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നേരത്തേ വിശാഖിന്‍റെ സഹോദരൻ പത്താംക്ലാസ് വിദ്യാർഥിയായ പൃഥ്വിയുമായി നഗരത്തിലെ ഒരു സംഘം വിദ്യാർഥികള്‍ പ്രശ്നമുണ്ടാക്കിയിരുന്നതായി പരാതിയില്‍ പറയുന്നു. ഇതിന്‍റെ വിരോധം തീർക്കാനാണ് സംഘത്തിലെ മൂന്ന് വിദ്യാർഥികള്‍ രാത്രിയില്‍ കളികാണാനെത്തിയ വിശാഖിനുനേരെ തിരിഞ്ഞത്. സഹോദരനൊപ്പം പഠിക്കുന്ന രണ്ടുപോരും മറ്റൊരു സ്കൂളിലെ വിദ്യാർഥിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
മൂവരും ചേർന്ന് വിശാഖിനെ ആക്രമിക്കുകയും മുഖത്തടിച്ച് വീഴ്ത്തുകയും പുറത്ത് ചവിട്ടുകയും ചെയ്ത ശേഷം ടർഫിന് സമീപത്തെ ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അച്ഛൻ വിശ്വനാഥനും അമ്മ പ്രജിതയും എത്തിയാണ് വിശാഖിനെ ആശുപത്രിയിലെത്തിച്ചത്. മർദനത്തില്‍ വലതുകാലിന്‍റെ എല്ലൊടിഞ്ഞ നിലയിലാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ വാർഷിക പരീക്ഷയും മുടങ്ങി. സംഭവത്തില്‍ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
Post a Comment