Join News @ Iritty Whats App Group

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുടെ ശത്രു സിപിഎം, എല്ലാം അതിജീവിക്കുമെന്ന് എംവി ഗോവിന്ദന്‍; വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് വലിയ മുന്നേറ്റമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ഭൂരിപക്ഷ വര്‍ഗീയതയുടേയും ന്യൂനപക്ഷ വര്‍ഗീയതയുടേയും ശത്രു സിപിഎം ആണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കൊല്ലം സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദന്‍. പാര്‍ട്ടി സമ്മേളനത്തിലൂടെ ആദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം വി ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 72 വയസ്സുള്ള ഗോവിന്ദന്‍ അടുത്ത സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പ്രായപരിധി നിബന്ധനയില്‍ വരുമെന്നിരിക്കെയാണ് കേരളത്തിലെ സിപിഎമ്മിനെ നയിക്കാന്‍ വീണ്ടും എംവി ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറിയിരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എം വി ഗോവിന്ദന്‍ പറഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് എം വി ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറായി തിരഞ്ഞെടുത്തത്. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 89-അംഗ സിപിഎം സംസ്ഥാന സമിതിയെയും 17-അംഗ സെക്രട്ടറിയേറ്റിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

വിഭാഗീയമായ എല്ലാ പ്രശ്നങ്ങളും പൂര്‍ണമായും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ചുമതലയാണ് പാര്‍ട്ടി സമ്മേളനത്തിലൂടെ പ്രഖ്യാപിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും സിപിഎമ്മിനെയാണ് ശത്രുവായി കാണുന്നതെന്നും ഈ വിഷയങ്ങളെയെല്ലാം അതിജീവിച്ച് പാര്‍ട്ടിയേയും പ്രസ്ഥാനത്തേയും ജനങ്ങളേയും മുന്നോട്ട് നയിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റം ഇടതുപക്ഷജനാധിപത്യമുന്നണി കാഴ്ചവെയ്ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും എല്ലാം ചേര്‍ന്ന് പിന്തിരപ്പന്മാരുടെ ഒരു മുന്നണി ഇടതുപക്ഷത്തിനെതിരേ കേരളത്തില്‍ രൂപപ്പെട്ടുവരികയാണ്. അവരുടെയെല്ലാം പൊതുശത്രു സിപിഎമ്മാണെന്ന് പ്രഖ്യാപിച്ചു നടന്നുവരുന്ന ഈ പ്രചരണകോലാഹലങ്ങളെ ആകെ നേരിടേണ്ടതുണ്ട്.

ഈ പ്രചാരണങ്ങളെയെല്ലാം തോല്‍പ്പിക്കാന്‍ ഇടത് മുന്നണി വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ മുന്നേറ്റമാണ് ഉണ്ടാക്കേണ്ടതെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. ജനങ്ങളുടെ പിന്തുണയോട് കൂടി പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള തദ്ദേശ തിരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സിപിഎമ്മിന് സാധിക്കണമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രഖ്യാപിച്ച സാമ്പത്തിക പ്രതിരോധ യുദ്ധത്തേയും നേരിടണമെന്നും അതിന് സംസ്ഥാനത്തിന്റെ കഴിവിനെ പരമാവധി ഉപയോഗിക്കാന്‍ സാധിക്കണം. വലിയ മാറ്റം കേരളത്തിലുണ്ടാകാന്‍ പോകുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതിന് പിന്നാലെ സ്ഥാനത്തേക്ക് നിയമിക്കപ്പെടുകയായിരുന്നു. മന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. ഇപ്പോള്‍ സംസ്ഥാന സമ്മേളനത്തിലൂടെ ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്കുമെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group