Join News @ Iritty Whats App Group

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്‍ ലഹരിവേട്ട; എട്ട് പേരെ അറസ്റ്റ് ചെയ്തു, പരിശോധന കടുപ്പിച്ച് പൊലീസും എക്സൈസും



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയാന്‍ ട്രെയിനുകളില്‍ റെയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. 



കോഴിക്കോട് കണ്ടംകുളങ്ങരയിൽ മൂന്ന് പേരാണ് ലഹരി മരുന്നുമായി പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മിഥുൻരാജും നിജിലും രാഹുലുമാണ് 79 ഗ്രാം എംഡിഎഎയുമായി അറസ്റ്റിലായത്. ഹോം സ്റ്റേയിൽ നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. അതേസമയം, മലപ്പുറം പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് പ്ലാസ്റ്റ് കവറിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കണ്ടെടുത്തത്. നിലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടു വരികയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 



ഇടുക്കി കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ പൊലീസ് പിടികൂടി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് പിടിയിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിന്ന അഷ്കറിനെ കണ്ടു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.



ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കറെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കാസർകോട് മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിൽ എടുത്ത ആളും ലഹരിക്കടിമയാണ്. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.



അതേസമയം, ലഹരി വില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കി എന്ന് ആരോപിച്ച് കാസര്‍കോട് മാസ്തിക്കുണ്ടില്‍ യുവാവിനേയും മാതാവിനേയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ‍ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബബ്രാണി നഗറില്‍ താമസിക്കുന്നു മുഹമ്മദ് നയാസിനെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ മുഖ്യ പ്രതിയും നയാസിന്‍റെ സഹോദരനുമായ ഉമര്‍ ഫാറൂഖ് ഒളിവിലാണ്. ഞായാറാഴ്ചയാണ് മാസ്തിക്കുണ്ടിലെ അഹമ്മദ് സിനാന്‍, മാതാവ് സല്‍മ എന്നിവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ് ഇരുവരും ചികിത്സയിലായിരുന്നു. വീടിന്‍റെ ജനല്‍ച്ചില്ലുകളും ആക്രമികള്‍ അടിച്ച് തകര്‍ത്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group