'ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ, വായ്പ
ഏറ്റുമാനൂര്‍: ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും മക്കള്‍ക്കൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുന്‍പു നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്.
കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണമാണു പുറത്തായത്.പാറോലിക്കല്‍ 101കവലക്കു സമീപം വടകരയില്‍ ഷൈനി കുര്യന്‍(41), മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ കഴിഞ്ഞ 28നാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ഭര്‍ത്താവിന്റെ വീടിനു സമീപത്തെ, കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ വഴിയില്ലെന്നും ഭര്‍ത്താവു പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണു ഷൈനി ഫോണില്‍ പറയുന്നത്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും തന്റെആവശ്യത്തിന് എടുത്തതാണെങ്കില്‍ ആങ്ങളമാര്‍ അടച്ചുതീര്‍ക്കുമായിരുന്നുവെന്നും ഷൈനി പറയുന്നുണ്ട്.
സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസില്‍ തീരുമാനമായ ശേഷമേ നോബി പണം തരൂവെന്നുമാണു ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്നത്. തന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്നു ഷൈനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നു കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് മധ്യസ്ഥത വഹിച്ചിരുന്നു.
ഷൈനി ഇനി 1,26,000 രൂപ തിരിച്ചടക്കാനുണ്ടെന്നാണു കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹമോചന കേസില്‍ നോട്ടീസ് കൈപ്പറ്റാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്നതും ജോലി ലഭിക്കാത്തതിലെ നിരാശ പങ്കുവയ്ക്കുന്നതുമായ ഷൈനിയുടെ വാട്ട്‌സ്ആപ്പ് സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Post a Comment