ദില്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നിഷ്‌ക്രിയരാണെന്നും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. പലരും ബിജെപിയുമായി ചർച്ചയിലാണ്. ചിലർ ആ പാളയത്തിൽ എത്തിക്കഴിഞ്ഞു. നേതാക്കൾ ജനങ്ങളുമായി ബന്ധമില്ലാത്തവരാകുന്നു. ജനങ്ങൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഗുജറാത്തിലെ പാർട്ടി കേഡർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിൽ രണ്ട് തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും അവർക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരും. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണി ഇക്കൂട്ടർ. ജനങ്ങളിൽ നിന്ന് അകന്നുപോയ മറ്റുള്ളവർ അവരെ ബഹുമാനിക്കുന്നില്ല. അകലെ ഇരിക്കുന്നു, അവരിൽ പകുതിയും ബിജെപിക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു.
ഗുജറാത്താണ് കോൺഗ്രസിന് ഗാന്ധിജിയെ നൽകിയത്. ഗുജറാത്തിൽ പാർട്ടി അവസാനമായി അധികാരത്തിൽ വന്നിട്ട് 30 വർഷമായി. കോൺഗ്രസിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്നും ഗാന്ധി കൂട്ടിച്ചേർത്തു. നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ നമ്മളെ അധികാരത്തിലെത്തിക്കാൻ ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെടരുത്. നമ്മൾ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ദിവസം ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകും.
അതേസമയം, നേതാക്കൾ പാർട്ടി വിടുന്നതിൽ രാഹുൽ ഗാന്ധിയാണ് ആത്മപരിശോധന നടത്തേണ്ടതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്കെതിരെ രാഹുൽ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Post a Comment