Join News @ Iritty Whats App Group

സംസ്ഥാന വ്യാപകമായി ലഹരി വേട്ടയ്‌ക്കൊരുങ്ങി പോലീസ്, മറൈന്‍ ഡ്രൈവിലും മാനവീയം വീഥിയിലും നിരീക്ഷണം ശക്തമാക്കും


തിരുവനന്തപുരം: ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ടയ്ക്കൊരുങ്ങി പോലീസ്. ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരേന്ത്യയില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുവെന്നും ഇത് തടയാന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയുള്‍പ്പെടെ നടത്തുമെന്നുമാണ് വിവരം. ഇതിനായി റെയില്‍വെ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇത് കൂടാതെ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുന്നതായുമാണ് കണ്ടെത്തല്‍. ഡിജെ പാര്‍ട്ടികളില്‍ സൂഷ്മ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന് കരുതപ്പെടുന്ന മറൈന്‍ ഡ്രൈവിലും മാനവീയം വീഥിയിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ കടകള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കും. മയക്കുമരുന്ന് കേസിലെ ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ജില്ലാ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ കോടതി നടപടികള്‍ വിലയിരുത്തണമെന്നുമുള്ള ആവശ്യങ്ങളും ചര്‍ച്ചയിലുണ്ട്.



ഡാര്‍ക്ക് നെറ്റ് ഉള്‍പ്പടെയുള്ള സൈബര്‍ ഇടത്തെ ലഹരി മൊത്തക്കച്ചവടം പിടിക്കാന്‍ പോലീസ് സജ്ജമാവും. ഇതോടനുബന്ധിച്ച് സൈബര്‍ ഡോമും പോലീസ് ഇന്റലിജന്‍സും നിരീക്ഷണം ശക്തമാക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group