തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പൊലീസിന്റെ നിർണായക നീക്കം. അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു. സൈക്യാട്രി ഡോക്ടർമാരുടെസാന്നിദ്ധ്യത്തിൽ പിതാവ് അബ്ദുൾ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം, ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്ന് മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.
വെഞ്ഞറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിന് കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.ഇതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. എല്ലാ കൊലക്കേസുകളിലും അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.
വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസിക പരിശോധനകൾ നടത്തുക. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണ പെരുമാറ്റമെന്നാണ് വിലയിരുത്തൽ. കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെ പോലെയായിരുന്നു അഫാന്റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്‍റെ മാനസിക നില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചത്. പരിശോധനക്കും നിരീക്ഷണത്തിനുമായി അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടെ ഇതിനായി നടപടികൾ സ്വീകരിക്കും.
അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്.
Post a Comment