Join News @ Iritty Whats App Group

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; നിർണായക വെളിപ്പെടുത്തൽ, പ്രതി അഫാൻ രണ്ടു ബന്ധുക്കളെ കൂടി കൊല്ലാൻ പദ്ധതിയിട്ടു


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ. പണം നൽകാത്തതിനാൽ അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. സഹോദരനെ കൊന്നശേഷം പിന്നീട് വിഷം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു. അതേസമയം, കൂട്ടക്കൊലയിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഫാന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. 

അതേസമയം, പ്രതി അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്.

മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതിലെ അറസ്റ്റായിരിക്കും നാളെ രേഖപ്പെടുത്തുക. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group