Join News @ Iritty Whats App Group

മസ്കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് വല! എന്താണ് ഇന്ത്യയിലേക്ക് വരുന്ന സ്റ്റാര്‍ലിങ്ക്? എങ്ങനെ ഉപയോഗിക്കാം

മുംബൈ: സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി ലോകത്തിലെ ഏറ്റവും വലിയ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് വരികയാണ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ശൃംഖലയുടെ നിര്‍മ്മാതാക്കള്‍. ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും വഴിയാണ് സ്പേസ് എക്സ് ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുക. എന്താണ് സ്റ്റാര്‍ലിങ്ക് എന്ന് വിശദമായി അറിയാം. 



എന്താണ് സ്റ്റാര്‍ലിങ്ക്?

ലോകമെങ്ങും വേഗതയേറിയ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് എത്തിക്കുക ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ വലയമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്. 2018 ഫെബ്രുവരി 22ന് രണ്ട് പരീക്ഷണ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചാണ് ഈ നെറ്റ്‌വര്‍ക്കിന് സ്പേസ് എക്സ് തുടക്കമിട്ടത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കപ്പെടുന്ന പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഭൂമിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനകം ഏഴായിരത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകഴിഞ്ഞു. സ്പേസ് എക്സിന്‍റെ തന്നെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴിയാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിക്കുന്നത്. 



ലോകത്ത് യുഎസിന് പുറമെ നൂറോളം രാജ്യങ്ങളില്‍ ഇതിനകം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് സേവനം ലഭ്യമാണ്. തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കയില്‍ വരെ സ്റ്റാര്‍ലിങ്ക് ലഭ്യം. വിദൂര പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാകും എന്നതാണ് സ്റ്റാര്‍ലിങ്കിന്‍റെ മേന്‍മ. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ ഇതിനകം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ലഭ്യമാണ്. പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങളിലും സ്റ്റാര്‍ലിങ്ക് ലഭ്യമാക്കാന്‍ സ്പേസ് എക്സ് ചര്‍ച്ചകളിലാണ്. 



ലോകത്തിന് സംശയങ്ങളും

അതേസമയം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിനെ കുറിച്ച് ചില സംശയങ്ങളും ലോകത്തിനുണ്ട്. ചാരനിരീക്ഷണത്തിന് അടക്കം സ്റ്റാര്‍ലിങ്ക് ഉപയോഗിക്കപ്പെടുമോ എന്ന ഭയമാണ് ഇതിലൊന്ന്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ബഹിരാകാശ മാലിന്യം വര്‍ധിക്കാന്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കാരണമാകുമോ എന്നതാണ് മറ്റൊരു ആശങ്ക. കാലാവധി അവസാനിക്കുമ്പോള്‍ ഡീഓര്‍ബിറ്റ് ചെയ്യുന്ന സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകള്‍ പുറംതള്ളുന്ന വിഷപ്പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ശക്തമാണ്. ഭൂമിയില്‍ നിന്നുള്ള ബഹിരാകാശ നിരീക്ഷണങ്ങള്‍ക്ക് ഈ സാറ്റ്‌ലൈറ്റ് ശൃംഖല തടസമാകും എന്ന വാദവും ശക്തം. മണിപ്പൂരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം സ്റ്റാര്‍ലിങ്ക് ഇതിനകം കേട്ടിട്ടുണ്ട്. 



ഇന്ത്യയില്‍ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയുമായി കരാറിലെത്തിയെങ്കിലും രാജ്യത്ത് സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയെടുത്തേക്കാം. സ്റ്റാര്‍ലിങ്കിന് അന്തിമ അനുമതി ഇന്ത്യയില്‍ ഉടന്‍ ലഭിക്കും. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് എത്രയായിരിക്കും നിരക്ക് എന്ന് വ്യക്തമല്ല. 220 എംബിപിഎസ് വരെ വേഗം പറയപ്പെടുന്ന സ്റ്റാര്‍ലിങ്കുമായി കണക്റ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ ഡിഷും റൂട്ടറും വാങ്ങണം.

Post a Comment

Previous Post Next Post
Join Our Whats App Group