Join News @ Iritty Whats App Group

'ഷഹബാസിന്റെ കൊലയാളികള്‍ പരീക്ഷ എഴുതണ്ട'; വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ വന്‍ പ്രതിഷേധം

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ കുറ്റാരോപിതരായവരെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടേയും യുവജനസംഘടനകളുടേയും വന്‍ പ്രതിഷേധം. കെഎസ് യുവും എംഎസ്എഫും യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ കെ എസ് യു പ്രവര്‍ത്തകരും എംഎസ്എഫും പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജൂവനൈല്‍ ഹോം വളപ്പിലേക്ക് ഗേറ്റ് ചാടിക്കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധിക്കാനെത്തിയ ആറ് കെ എസ് യു പ്രവര്‍ത്തകരെയും എം എസ് എഫ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.കെയര്‍ ഹോമിന് മുന്‍പില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ എസ് യുവിന്റെയും എം എസ് എഫിന്റെയും തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്തു കനത്ത കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധം കണക്കിലെടുത്താണ് കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്.

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പൊലീസ് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.

പ്രതികളില്‍ ഒരാളുടെ പിതാവ് ടി പി കേസ് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഇന്നലെ പുറത്തുവന്നു. ഇന്നലെ പ്രതികളുടെ വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹബാസിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച നെഞ്ചക്കും കണ്ടെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group