Join News @ Iritty Whats App Group

വധശിക്ഷയ്ക്ക് വിധേയമാക്കുന്ന കാര്യം പറഞ്ഞ് മകൻ വിളിച്ചിരുന്നു,അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നു; അച്ഛൻ


കാസർകോട്: ഫെബ്രുവരി 14ന് മകൻ വിളിച്ചപ്പോഴാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്ന കാര്യം അറിഞ്ഞതെന്ന് മുരളീധരൻ്റെ അച്ഛൻ കേശവൻ. 2009 മുതൽ മകൻ അലൈൻ ജയിലിലായിരുന്നുവെന്ന് കേശവൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കളും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നു. പക്ഷേ ജയിലിൽ നിന്ന് പുറത്തിറക്കാനായില്ല. യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം പറഞ്ഞു. 2009 ൽ അലൈനിൽ വെച്ച് തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരന്റെ വധശിക്ഷ നടപ്പിലാക്കിയത്. 

അതേസമയം, യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് നിൽക്കുകയാണ് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ഇന്ത്യൻ എംബസിയും ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. 

തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group