Join News @ Iritty Whats App Group

9446700800, ഈ വാട്സ് ആപ്പ് നമ്പർ കുറിച്ച് വച്ചോ; 2500 രൂപ വരെ റിവാർഡ്; മാലിന്യം വലിച്ചെറിയുന്നവർക്ക് കുരുക്ക്

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി മാർച്ച് മൂന്നിന് ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരേ സമയം നടത്തിയ മിന്നൽ പരിശോധനയിൽ 180 നിയമ ലംഘനങ്ങൾ കണ്ടെത്തി. 155 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 4.013 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 

സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങി 1124 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിൽ രൂപീകരിച്ച രണ്ട് ജില്ലാതല എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകൾ, ഇന്‍റേണൽ വിജിലൻസ് ഓഫീസർമാർ നയിക്കുന്ന അഞ്ച് സ്ക്വാഡുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 111 സ്ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടർദിവസങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യം വലിച്ചെറിയൽ, മാലിന്യം ഒഴുക്കിവിടൽ, യഥാവിധി മാലിന്യം നീക്കം ചെയ്യാതിരിക്കൽ, ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്താതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. 

വാട്സ്ആപ്പ് നമ്പറിൽ പരാതി അറിയിക്കാം

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന വാട്സപ്പ് നമ്പറിലേക്ക് പരാതി അയക്കാം. ഇത്തരം പരാതികളിൽ 7 ദിവസത്തിനകം നടപടി സ്വീകരിക്കുന്നതും നിയമ ലംഘനത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് 2500 രൂപ വരെ റിവാർഡ് ലഭിക്കുന്നതുമാണ്

Post a Comment

Previous Post Next Post
Join Our Whats App Group