Join News @ Iritty Whats App Group

ഷഹബാസ് കൊലപാതകം: '6 വിദ്യാർത്ഥികളിൽ ഒതുങ്ങില്ല'; കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പിതാവ് ഇഖ്ബാല്‍

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണങ്ങൾ ആവർത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാൽ. ആറ് വിദ്യാർത്ഥികളിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് ഇഖ്ബാൽ. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികൾ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകൾ പറയുന്നില്ലെന്നും ഇഖ്ബാൽ ആരോപിക്കുന്നു. മർദിക്കുമ്പോൾ ചുറ്റും കൂടി നിന്നവരിൽ രക്ഷിതാക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. 

പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group