Join News @ Iritty Whats App Group

മരിക്കുമ്ബോള്‍ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, വിശപ്പ് എന്ന വികാരം തന്നെ ഇല്ല, ഷുഗര്‍ ലെവല്‍ 45ല്‍; 'അനോറെക്സിയ നെര്‍വോസ' തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു



ണ്ണൂർ: കൂത്തുപറമ്ബ് മെരുവമ്ബായിയില്‍ 18കാരി ശ്രീനന്ദ മരിക്കുമ്ബോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ.



രക്തസമ്മർദവും ഷുഗർ ലെവലുമെല്ലാം ഏറെ താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർ പറഞ്ഞു. കണ്ണൂർ മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടില്‍ എം. ശ്രീനന്ദയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.



മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.



'കുട്ടി ആശുപത്രിയിലെത്തുമ്ബോള്‍ 20-25 കിലോ മാത്രമായിരുന്നു തൂക്കം. ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്. 70 ബി.പിയേ ഉണ്ടായിരുന്നുള്ളൂ. ഷുഗർ ലെവല്‍ 45. സോഡിയം 120. എല്ലാം വളരെ കുറവായിരുന്നു. എല്ലുംതോലുമായ ശരീരമായിരുന്നു. പേശീഭാരം തീരെയില്ല. യൂട്യൂബില്‍ കണ്ടതുകൊണ്ട് മാത്രം ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നെങ്കില്‍ ഒരു പരിധി വരെയേ അങ്ങനെ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. വിശപ്പ് എന്ന വികാരം മനുഷ്യന് പിടിച്ചുനിർത്താൻ പറ്റാത്ത സംഭവമാണ്. കുട്ടിക്ക് 'അനോറെക്സിയ നെർവോസ' എന്ന സൈക്യാട്രിക് സാഹചര്യമുണ്ടായി. അത് വീട്ടുകാർക്ക് തിരിച്ചറിയാനായില്ല' -കുട്ടിയെ ചികിത്സിച്ച ഡോക്ടർ നാഗേഷ് പറഞ്ഞു.



അനോറെക്സിയ നെർവോസ ഒരു സൈക്യാട്രിക് ഡിസോർഡറാണെന്ന് ഡോക്ടർ പറയുന്നു. ആരെങ്കിലും ഒരാളെ 'തടിയാ', 'തടിച്ചി' എന്ന് വിളിച്ചാല്‍ അതിന് പിന്നാലെ ഭക്ഷണം കുറക്കുകയും തടി കുറക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള സംഭവം തന്നെ ഇല്ലാതാകും. ഇത് ഡിപ്രഷൻ പോലെ ഒരു മാനസിക രോഗാവസ്ഥയായി മാറും.തുടക്കത്തിലേ ചികിത്സയെടുത്താല്‍ ഭേദമാക്കാനാകും. ഒരു പരിധിവിട്ടാല്‍ പിന്നെ നിയന്ത്രിച്ച്‌ നിർത്താനാകില്ല -ഡോക്ടർ പറയുന്നു.



ഗുരുതരമായ ഈറ്റിങ് ഡിസോർഡറും മാനസികാരോഗ്യ പ്രശ്നവുമാണ് അനോക്സിയ നെർവോസയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാല്‍ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ഗുരുതരമാകും.



സ്വന്തം ശരീരത്തെക്കുറിച്ച്‌ എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം വെയ്ക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണം വെയ്ക്കുമോ എന്ന തോന്നലുണ്ടാകും. പ്രായ, ലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാം. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് അനോറെക്സിയ നെർവോസയിലേക്ക് നയിക്കുന്നത്. അനോറെക്സിയ ഉണ്ടെന്ന സംശയം തോന്നിയാലുടൻ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group