Join News @ Iritty Whats App Group

മണിക്കൂറുകളോളം ഗെയിം കളി, എതിര്‍ത്ത മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി; 21കാരന്‍ അറസ്റ്റില്‍;സംഭവം ഒഡീഷയിൽ




ഭുവനേശ്വര്‍: ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്ത മതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ജഗത് സിങ് പൂരിലാണ് സംഭവം. തിങ്കളാഴച പുലര്‍ച്ചെയാണ് 21 കാരനായ സുര്‍ജ്യകാന്ത് ക്രൂരമായി മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. 65 കാരനായ പ്രശാന്ത് സേതി, ഭാര്യ കനകലത, മകള്‍ റോസ്ലിന്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇരുമ്പു വടിയും കല്ലും ഉപയോഗിച്ച് അടിച്ചാണ് പ്രതി കൊല നടത്തിയത്. തിങ്കളാഴ്ച രാത്രി സുര്‍ജ്യകാന്തുമായി വീട്ടുകാര്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ മാതാപിതാക്കളും സഹോദരിയും ശക്തമായി എതിര്‍ത്തു. ഈ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്ക് മൂന്ന് പേരും ഉറങ്ങിക്കിടക്കുമ്പോളായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

അതിക്രമം അയല്‍വാസികളെ അറിയിച്ച പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തി പരിശോധന നടത്തിയ അയല്‍വാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതശരീരങ്ങളാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തില്‍ വീടിനടുത്തുള്ള സ്കൂളില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പഠനം പൂര്‍ത്തിയാക്കിയ സുര്‍ജ്യകാന്ത് തൊഴില്‍ രഹിതനായിരുന്നു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സുര്‍ജ്യകാന്ത് ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിന് മണിക്കൂറുകള്‍ ചിലവഴിക്കുമെന്നും ചിലപ്പോള്‍ ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാറുണ്ടെന്നും ഇയാളുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group