വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർക്ക് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പരിഹസിച്ചു.
ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ചാണ് ബിഷപ്പുമാർ രംഗത്തെത്തിയത്. വനംമന്ത്രി രാജിവെക്കണമെന്നും ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ബിഷപ്പുമാർ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലിയിൽ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ വിമർശനം.
വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംവകുപ്പും നോക്കുകുത്തികളായി നിൽകുകയാണെന്ന് ബിഷപ്പുമാർ ആരോപിച്ചു. കർഷകരായതുകൊണ്ട് കാർഷിക മേഖലയിലുള്ള ആളുകൾക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്ന് താമരശ്ശേരി ബിഷപ്പ് ചോദിച്ചു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു.
വന്യ ജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ വനംമന്ത്രി തയ്യാറാവണം. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയാറാകണമെന്നാണ് നമ്മളുടെയും ഇൻഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് പറഞ്ഞു. ഇവിടെ ഒരു സർക്കാർ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളിൽ ഇക്കാര്യം ഉയർത്തിപിടിച്ച് വൻ പ്രക്ഷോഭ പരിപാടികളുമായി നമ്മൾ മുന്നോട്ട് പോകുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്‌തു. അതേസമയം വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംമന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ ചോദിച്ചു.
അതേസമയം വന്യജീവി സംഘർഷം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെയും താമരശേരി ബിഷപ്പിന്റെയും വിമർശനങ്ങൾക്ക് പരിഹസിച്ചുകൊണ്ടാണ് വനംമന്ത്രി മറുപടി നൽകിയത്. കെപിസിസി അധ്യക്ഷൻ തൻ്റെ പരാജയം സ്വയം സമ്മതിച്ചയാളാണ്. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രൻ ചോദിച്ചു.
Post a Comment