മതവിദ്വേഷ പരാമർശത്തിലെ കേസിൽ ബിജെപി നേതാവ് പിസി ജോർജ് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ല. ഇന്ന് ഉച്ചയ്ക്ക് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച ഹാജാരാകുമെന്ന് മകൻ ഷോൺ ജോർജ് ഈരാറ്റുപേട്ട സ്റ്റേഷനിൽ അറിയിച്ചു. ഫോൺ വഴിയാണ് അറിയിച്ചത്. തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പൊലീസിന് അപേക്ഷ നൽകും.
പൊലീസ് പിസി ജോർജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം തേടിയത്. ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പിസി ജോർജിന്റെ വീട്ടിലെത്തിയിരുന്നു. പിസി ജോർജ് വീട്ടിൽ ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു.
പിസി ജോർജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ പിസി ജോർജിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
പിസി ജോർജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ ജാമ്യം നൽകില്ലെന്നാണ് സിംഗിൾ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കിൽ കീഴടങ്ങാൻ നിർദ്ദേശം നൽകുമെന്നും ഹൈക്കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു. പിസി ജോർജ് മുൻപും മതവിദ്വേഷം വളർത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Post a Comment